03:32am 02 November 2026
NEWS
വീടെന്ന വിദ്യാർത്ഥിനിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി സ്കൂൾ പിടിഎയും അധ്യാപകരും
01/11/2026  08:54 PM IST
nila
 വീടെന്ന വിദ്യാർത്ഥിനിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി സ്കൂൾ പിടിഎയും അധ്യാപകരും

ചെങ്ങന്നൂർ: വീടെന്ന വിദ്യാർത്ഥിനിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി മാതൃകയായിരിക്കുകയാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയും അധ്യാപകരും.
ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതം നയിച്ചിരുന്ന ഹരിത എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ സ്നേഹക്കൂടൊരുങ്ങിയത്. സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.

പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന
ഹരിതയുടെ ശോചനീയാവസ്ഥ അധ്യാപകർ നടത്തിയ ഭവനസന്ദർശനത്തിനിടെയാണ് ശ്രദ്ധയിൽപ്പെടുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ, ഒരു ഷെഡിലായിരുന്നു വിദ്യാർത്ഥിനിയും കുടുംബവും കഴിഞ്ഞിരുന്നത്. 
യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ 
മരക്കുറ്റികളും തടിയും കുത്തിയുണ്ടാക്കിയ ഭാഗത്തിന് ടാര്‍പ്പാളിനും പ്ലാസ്റ്റിക്ക് ഷീറ്റും കെട്ടിമറച്ചുണ്ടാക്കിയ ചുവര്. സമീപത്തെ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചപ്പോള്‍ കിട്ടിയ പത്ത് ആസ്ബറ്റോസ് ഷീറ്റുകള്‍ വച്ച് തീര്‍ത്ത മേല്‍ക്കൂര. ഇതേ ഷീറ്റുകളുടെ പൊട്ടിപോയ കഷ്ണങ്ങള്‍ ചതുരാകൃതിയില്‍ കൂട്ടികെട്ടിയ ശുചിമുറി വീടിന് പുറത്ത്. ഇതായിരുന്നു വീടിൻ്റെ അവസ്ഥ .
തുടർന്ന് പ്രധാനാധ്യാപിക സ്മിത എസ്. കുറുപ്പിന്റെയും പിടിഎ പ്രസിഡന്റ്‌ ശ്രീജേഷിന്റെയും നേതൃത്വത്തിൽ ഈ കുടുംബത്തെ കൈപിടിച്ചുയർത്താൻ സ്കൂൾ മാനേജ്‌മെന്റും നാട്ടുകാരും ഒത്തുചേർന്നു.


സർക്കാരിൻ്റെ 
ലൈഫ് പദ്ധതിയിൽ നിന്ന് അനുവദിച്ച തുകയ്ക്ക് പുറമെ, ബാക്കി തുക സ്കൂൾ പിടിഎയും സുമനസ്സുകളായ ആളുകളും ചേർന്നാണ് കണ്ടെത്തിയത്. ടൈലിംഗും,വയറിംഗും, പ്ലംബിംഗും ഉൾപ്പെടെ സകല സൗകര്യങ്ങളോടും കൂടി ഏകദേശം എട്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് 
സ്മിത എസ്. കുറുപ്പ്  പ്രധാനാധ്യാപിക പറഞ്ഞു.

നവംബർ അഞ്ചിന് നടക്കുന്ന പാലുകാച്ചൽ ചടങ്ങോടെ
ഹരിതയും കുടുംബവും ബുധനൂരിലുള്ള 
കോയിപ്പള്ളില്‍ പുതിയ സ്നേഹത്തണലിലേക്ക് താമസം മാറും. അറിവ് പകരുക മാത്രമല്ല, ജീവിതത്തിലേക്ക് വെളിച്ചം വീശുക കൂടിയാണ് വിദ്യാലയങ്ങളുടെ ലക്ഷ്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് പാണ്ടനാട് സ്കൂളിലെ ഈ കൂട്ടായ്മ.
സ്വന്തമായി അടച്ചുറപ്പുള്ളൊരു കൂര യാഥാർത്ഥ്യമായതിന്റെ വലിയ സന്തോഷത്തിലാണ് ഹരിതയും
സഹോദരൻ യദുകൃഷ്ണൻ,
മാതാപിതാക്കളായ ഹരികുമാർ,  സംഗീത, മുത്തശ്ശി രാധാമണിയും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img